പ്രധാനമായും രണ്ടു തരം ചിന്തകളാണിതിൽ ബദരി The Contemplation ൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ആദ്യമായി കോഗ്നിറ്റീവ് സൈക്കോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും വികസനങ്ങളും അതോടൊപ്പം യൂറോപ്പിലാകെ ഏറെ ജനകീയമായി മാറിയ പൗരസ്ത്യ മെഡിറ്റേഷൻ സമ്പ്രദായത്തെയും
(Eastern Meditation Techniques) എഴുത്തുകാരൻ വിശകലനം ചെയ്യുന്നു. രണ്ടാമതായി മനശാസ്ത്ര സംബന്ധിയായി പൂർവ്വകാല മുസ്ലിം പണ്ഡിതരുടെ അധ്യാപനങ്ങളും നിരീക്ഷണങ്ങളുമാണ് ബദരി നമ്മോട് പങ്കുവെക്കുന്നത്. അത്യന്തികമായി മേൽപ്പറഞ്ഞ രണ്ട് ചിന്താചരടുകളും ഒന്നായി കോർത്തിണക്കിയുള്ള ചിന്തകളാണ് എഴുത്തുകാരൻ മാലിക് ബദരി ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
Cognitive Psychology യുടെ വികാസം മനശാസ്ത്രജ്ഞർക്കിടയിൽ ബോധത്തെ(Conciousness) കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പുത്തനുണർവ് സൃഷ്ടിച്ചു. ശാസ്ത്രീയതയുടെ മൂശയിൽ സൈക്കോളജിയെ രൂപപ്പെടുത്തിയെടുക്കാനായി മനുഷ്യനെ നിരാർദ്രമായി സമീപിക്കുന്ന ചേഷ്ട സിദ്ധാന്തത്തിൻ്റെ(Behaviourism) വികലതകളെ ചോദ്യംചെയ്യാനും Cognitive psychology യുടെ വികാസത്തോടെ വഴിയൊരുങ്ങി. വ്യക്തികളുടെ കൊഗ്നിറ്റീവും വൈകാരികവുമായ (Affeftive) ബന്ധങ്ങളെപ്പറ്റി സൈക്കോളജിസ്റ്റുകൾ ഇപ്പോൾ കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. എന്നിരുന്നാലും പൗരസ്ത്യ മെഡിറ്റേഷൻ സമ്പ്രദായം (Eastern Meditation Techniques) ഏറെ ജനകീയമായിട്ടുണ്ട് എന്നതും വസ്തുതയാണ്. ഏറെനേരം മന:ചിത്രങ്ങളിൽ(Mental images) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും, ചിലതരം വാക്കുകൾ( മന്ത്രങ്ങൾ പോലുള്ളവ) ആവർത്തിച്ച് ആവർത്തിച്ച് ഉരുവിടുന്നതും മാനസിക പിരിമുറുക്കം, വിഷാദം, ഉത്കണ്ഠ പോലോത്തതിൽ നിന്നും ആശ്വാസം പകരുന്നതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതേ പറ്റിയുള്ള അന്വേഷണങ്ങളും പഠനങ്ങളും മനസ്സ്-ശരീരം എന്നിവയ്ക്കിടയിലുള്ള ബന്ധങ്ങളെ പറ്റി കൂടുതൽ തിരിച്ചറിവുകൾക്ക് കാരണമായി.
എന്നിരുന്നാൽ തന്നെയും Transcendental Meditation (TM) രീതിയെയും ഇസ്ലാമിക മെഡിറ്റേഷൻ രീതിയേയും സമീകരിച്ച് കാണാൻ ബദരി താല്പര്യപ്പെടുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇസ്ലാമികം എന്ന് വിളിക്കാവുന്ന ധ്യാനം (Contemplation) സൃഷ്ടിയെ പറ്റിയുള്ള മനനത്തിൽ തുടങ്ങി സൃഷ്ടാവിലേക്ക് എത്തുന്ന ഒരു തരം പ്രക്രിയയാണ് (Progression). ഇസ്ലാമിക ധ്യാന രീതി Transcendental Meditation തന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴും അതിനുള്ള (TM ) പ്രയോജനങ്ങളൊക്കെയും സ്വീകരിക്കുമ്പോഴും ഇസ്ലാമിക രീതിക്ക് അതിനില്ലാത്ത ഉന്നതവും മഹിമവുമായ ലക്ഷ്യങ്ങളാണുള്ളത്. ബദരിയെ സംബന്ധിച്ചിടത്തോളം Islamic Contemplation നു നാല് ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ നേരിട്ടുള്ള ഇന്ദ്രിയങ്ങളിലൂടെ തന്നെ വസ്തു(Contemplated Object) അനുഭവവേദ്യമാവുന്നതാണ്. രണ്ടാം ഘട്ടം ആരംഭിക്കുന്നത് പ്രത്യക്ഷത്തിലുള്ള ആ വസ്തുവിനെ (Peerceptual Data) അതിൻറെ ലാവണ്യവും ഉൽകൃഷ്ടതയും മനസ്സിലാക്കാനായി അടുത്തു കാണുമ്പോഴാണ്. അമ്പരപ്പിൻ്റെയും സമർപ്പണത്തിൻ്റെയും സംഭ്രമഭാവത്തോടെ ധ്യാനകർത്താവ് (Meditator) സൃഷ്ടിയുടെ സീമകൾക്കപ്പുറം സൃഷ്ടാവിൻ്റെ സാമീപ്യമറിയുന്നതാണ് മൂന്നാംഘട്ടം. "ശുഹൂദ്" എന്ന അവസാനഘട്ടത്തിൽ എത്തിയ ഒരാൾക്ക് തൻ്റെ സൃഷ്ടാവിൻ്റെ സൃഷ്ടിപ്പുകളിൽ ജ്ഞാനവും, സൗന്ദര്യവും, നിഷ്കൃഷ്ടതയും(Precision) കാണാതെ അതിനെ വീക്ഷിക്കാൻ പോലും സാധ്യമാവാതെ വരും.തൻ്റെ രചനക്കായി ഖുർആനിനും ഹദീസുകൾക്കും പുറമേ നിരവധി പൂർവ്വകാല മുസ്ലിം പണ്ഡിതരുടെ രചനകളെയും ബദരി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അബൂ സെയ്ദ് അൽ ബൽഖിയും, ഇബ്നു മിസ്കവൈഹിയും , വിശിഷ്യ ഇമാം ഗസ്സാലിയും ഇബ്നു ഖയ്യിം അൽ ജൗസിയും ബദരി അവലംബമാക്കിയവരിൽപെടുന്നു. മനുഷ്യൻറെ പെരുമാറ്റത്തെ(Human Behaviour ) കുറിച്ചുള്ള ആരോൺ ടി. ബെക്കിൻ്റെ പ്രസ്താവനകളെ 700 വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ടെത്തിയവരാണ് ഇബ്നു ഖയ്യിം അൽ ജൗസി. ധ്യാനത്തിൻ്റെ (Contemplation) പ്രായോഗികവും സൈദ്ധാന്തികവുമായ വശങ്ങളിൽ ഇമാം ഗസ്സാലി(റ) യുടെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ധ്യാനത്തിനു വിവിധ അവസ്ഥകൾ ഉണ്ടോ എന്ന ചോദ്യത്തിന് ബദരി പ്രതികരിക്കുന്നത് ഒരു വ്യക്തിയുടെ ധ്യാനത്തിൻ്റെ നിലകളെ (level of contemplation) നിർണയിക്കുന്ന അനേകം ഘടകങ്ങളെ മുന്നോട്ടുവെച്ച് കൊണ്ടാണ്. വിശ്വാസത്തിൻറെ തീവ്രത, ഏകാഗ്രതയുടെ ആഴം, ധ്യാന കർത്താവിൻറെ(Contemplator) മാനസികവും വൈകാരികവുമായ നില, ചുറ്റുപാടിൻ്റെയും സംസ്കാരത്തിൻ്റെയും സ്വാധീനം, ധ്യാനത്തെ പറ്റിയുള്ള അറിവ് ,കൂട്ടുകെട്ടിൻ്റെ പ്രഭാവം, ധ്യാനത്തിൻ്റെ സ്വഭാവം, ലക്ഷ്യം എന്നിവയെല്ലാം അത്തരം ഘടകങ്ങളായി ബദരി എണ്ണുന്നു.
ബദരിയുടെ എഴുത്തുകളിലെ ഒരു തനത് സ്വഭാവം ഈ കൃതിയിലും നമുക്ക് കാണാനാവും. ഏറെ പരിചയസമ്പന്നനായ ബദരി ഈ പുസ്തകം എല്ലാവിധ ആശയക്ലിഷ്ടതകളും ദുർഗ്രാഹ്യതകളും എടുത്തു നീക്കിയാണ് പണിതീർത്തിട്ടുള്ളത്. എന്നിരുന്നാലും ഏറെ വിശദീകരണങ്ങൾ ഇല്ലാതെ ചുരുങ്ങിയ ചില അധ്യായങ്ങളും ഇതിലുണ്ട്. "ധ്യാനം: ആരാധനയുടെ അനായാസരൂപം" എന്ന തലക്കെട്ടിലുള്ള അഞ്ചാം അധ്യായം കേവലം മൂന്നോളം പേജുകൾ മാത്രമാണുള്ളത്.അധ്യായം ധ്യാനത്തിലെ പരമോന്നത നിലയെ പറ്റിയുള്ളതായത് കൊണ്ട് തന്നെ വായനക്കാർ ഇതിൽ കൂടുതൽ വിവരങ്ങൾ ആഗ്രഹിച്ചു കാണുമെന്നുറപ്പാണ്. മന
ശാസ്ത്ര സാഹിത്യസങ്കേതത്തിൽ അനുപമമായ ഒരു മുതൽക്കൂട്ടായി നമുക്ക് The Contemplation നെ ഗണിക്കാം. മനശ്ശാസ്ത്രത്തിൽ താല്പര്യമുള്ളവരെല്ലാം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് The Contemplation. 2020 ൽ പുറത്തിറങ്ങിയ പുസ്തകത്തിൻറെ പ്രസാധനം നിർവഹിച്ചത് ക്വലാലംപൂരിലെ മദീന ബുക്സാണ്.
കെ സി അമീൻ അഷ്റഫ്


COMMENTS